ബാംഗ്ലൂർ: ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവന്ന ഹിന്ദു സ്പിരിച്വൽ ആൻഡ് സർവീസ് ഫെയർ സമാപിച്ചു. കർണാടകത്തിലെ ഹിന്ദു ആദ്ധ്യാത്മിക-സേവാ സംഘടനകളുടെ പ്രദർശനം ലക്ഷ്യമാക്കി സംഘടിപ്പിച്ച ഫെയർ ബാംഗ്ലൂർ നിവാസികൾക്ക് നവ്യാനുഭവമായി. ചെന്നൈ, ജയ്പ്പൂർ പോലുള്ള സ്ഥലങ്ങളിൽ നടന്നു വന്നിരുന്ന ഹിന്ദു മേള ആദ്യമായാണ് ബാംഗ്ലൂരിൽ നടക്കുന്നത്.
രാമകൃഷ്ണ മഠം, ആർട്ട് ഓഫ് ലിവിംഗ്, ഹരേ കൃഷ്ണ പ്രസ്ഥാനം, വ്യാസയോഗാ യുണിവേർസിറ്റി, വനവാസി കല്യണാശ്രമം, തുടങ്ങി ഇരുന്നൂറ്റി അൻപതോളം സംഘടനകളുടെ പ്രദർശന സ്റ്റാള്ളുകൾ ഉണ്ടായിരുന്നു.
കർണാടക ഗവർണ്ണർ വാജുഭായ് വാല ഉദ്ഘാടനം ചെയ്ത മേളയിൽ വിവിധ സദസ്സുകളിലായി ശ്രീ ശ്രീ രവി ശങ്കർ, ജഗദ്ഗുരു പുജ്യ ശ്രി ശ്രീ ശിവരാത്രീശ്വരദേശികെന്ദ്ര മഹാസ്വാമിജി, പുജ്യ ശ്രി ശ്രീ നിർമ്മലാനന്ദനാഥ സ്വാമിജി, പുജ്യ ശ്രിമദ് ഗംഗാധരേന്ദ്ര സരസ്വതി മഹാസ്വാമിജി തുടങ്ങി ബുദ്ധ വിഹാർ, ഗുരുദ്വാര ആചാര്യന്മാർ ഉൾപെടെ ഇരുപതോളം ആത്മീയാചാര്യന്മാരുടെ പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു.
മാതൃ വന്ദനം, ഗുരു വന്ദനം, ഗോ-ഗംഗാ വന്ദനം,പ്രകൃതി വന്ദനം, പരമവീര വന്ദനം തുടങ്ങിയ വ്യത്യസ്ഥമായ പരിപാടികളിൽ അനേകായിരങ്ങൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, സാംസ്കാരിക പരിപാടികൾ, തദ്ദേശീയ കളികളുടെ മത്സരങ്ങൾ, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, വിവിധയിനം സ്വദേശി ഉല്പന്ന സ്റ്റാള്ളുകൾ, പുസ്തകസ്റ്റാള്ളുകൾ, തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങൾ മേളയിൽ ഒരുക്കിയിരുന്നു.
ശ്രീ എസ് ഗുരു മൂർത്തി, ചക്ര വർത്തി സുലുബെലെ, വി നാഗരാജ്, ഡി. മഹാദേവൻ, ജി കെ മഹന്ദേഷ് തുടങ്ങി ഒട്ടേറെ പ്രമുഖർ സംസാരിച്ചു. അഞ്ചു ദിവസങ്ങളിലുമായി ഏകദേശം മൂന്നു ലക്ഷത്തിൽ പരം ജനങ്ങൾ മേള സന്ദർശിച്ചു.